കുടജാദ്രിയുടെ കുളിര്‍തേടി – 1
ബിബിൻ വൈശാലി
കേട്ടുമാത്രം പരിചയമുള്ള, എത്തിച്ചേരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന പുണ്യ സങ്കേതം. കുടജാദ്രി… ആഗ്രഹം മാത്രംപോര ഈ സര്‍വജ്ഞപീഠമണയാന്‍. അതിന് പ്രകൃതിയും മനസും മനുഷ്യനും ഒന്നായി ചേരുന്ന മുഹൂര്‍ത്തമെത്തണമെന്നാണ് പഴമക്കാര്‍ പറയാറ്. എന്നാല്‍ ഇത്തരം പഴംവാക്കുകള്‍ക്ക് ചെവികൊടുക്കാതെ നിരവധി തവണ കുടജാദ്രിയാത്ര പ്ലാന്‍ ചെയ്ത് പാളി.
ഒടുവില്‍ ആ സുദിനമെത്തി, സഹപ്രവര്‍ത്തകരായ സരുണ്‍ പുല്‍പ്പള്ളി, അനീഷ് അയിലം എന്നിവരോടൊപ്പം അവധിയും ഓഫും ചേര്‍ത്തു തുന്നിക്കൂട്ടിയ മൂന്ന് ദിവസങ്ങളില്‍ കുടജാദ്രിയിലെത്തി. ഒരു രാത്രി അവിടെ തങ്ങണമെന്ന ആഗ്രഹവും പൂര്‍ത്തിയായതോടെ ആനന്ദനിര്‍വൃതിയിലാറാടിയെന്നു തന്നെ പറയാം. മനസില്‍ മായാതെ നില്‍ക്കുന്ന കുടജാദ്രി യാത്രയുടെ കഥയാണിത്. ഒരിക്കലും മറക്കാനാകാത്ത യാത്രയുടെ കഥ.
അറിവിന്റെ തമ്പുരാന്‍ തപമിരുന്ന കുടജാദ്രി
……………………………………………………
അറിവിന്റെ അനന്തവിഹായസില്‍ പാറിപ്പറന്ന ശങ്കരാചാര്യര്‍ തപമിരുന്ന, അക്ഷരപുണ്യത്തിന്റെ പുണ്യസ്ഥലി. കുടകപ്പാലകള്‍ പൂത്തുലഞ്ഞാടുന്ന മലമടക്ക്. കുടജാദ്രിയാകുന്ന അറിവിടത്തിലെത്താന്‍ കുറുക്കുവഴികളില്ലെന്ന് സാക്ഷ്യം. എത്തിപ്പെടുക അസാധ്യമെങ്കിലും ചെന്നെത്തിയാല്‍ സ്വര്‍ഗ തുല്യമായ ഭൂമി. യാത്ര തുടങ്ങിയതു മുതല്‍ മനസില്‍ മായാതെ ശങ്കരപീഠം. മനസിലുണ്ടായിരുന്നത് നിറയെ മഴപെയ്യുന്ന മഞ്ഞ് നിറഞ്ഞ സമയത്ത് മലമുകളിലെത്തണമെന്നായിരുന്നു. പക്ഷെ, എത്തിയത് പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയ സമത്തും. എന്നാല്‍ ആ സ്വര്‍ണ്ണനിറത്തിനും അതിന്റെതായ സൗന്ദര്യമുണ്ടായിരുന്നു.
തിരുവനന്തപുരം, കൊച്ചി ഷൊര്‍ണ്ണൂര്‍
………………………………………………………………
കുടജാദ്രി യാത്ര പ്ലാന്‍ ചെയ്തത് തന്നെ പെട്ടന്നായിരുന്നു. കാരണം, സമയമെടുത്ത് പ്ലാന്‍ ചെയ്ത യാത്രകളൊന്നും നടന്നിട്ടില്ല, അതന്നെ. പത്രത്തിന് ഒരു ദിവസം അവധിവന്നപ്പോള്‍ യാത്രക്കുള്ള സമയമെന്നുറപ്പിച്ചു. അനീഷിനോട് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ കയറാൻ പറഞ്ഞു. ഞാന്‍ കൊച്ചിയില്‍ നിന്ന് ഒപ്പം കൂടി. ഷൊര്‍ണ്ണൂരെത്തിയപ്പോള്‍ സരുണും… യാത്ര ആരംഭിച്ചു. സ്വപ്‌നയാത്ര…
അനീഷ് മുന്‍പ് പലതവണ മൂകാംബിക യാത്ര നടത്തിയ പരിചയമുണ്ട്. ഞാനും സരുണും ആദ്യമായി.. മൂകാംബികയ്ക്കടുത്തുള്ള സ്റ്റേഷന്‍ ബൈന്‍ഡൂരാണ്. റെയില്‍ പാളങ്ങള്‍ വിഴുങ്ങി തീവണ്ടി കുതിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തി താണ്ടി യാത്ര തുടര്‍ന്നു. കാണാനാടിന്റെ സുന്ദരക്കാഴ്ച്ചകള്‍ നുകര്‍ന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു ആ പുണ്യ സങ്കേതം ലക്ഷ്യമാക്കി….
അടുത്തയാഴ്ച്ച:
മൂകാംബികയെ കണ്‍നിറയെ കണ്ട്…