കൊച്ചി: സണ്‍ കണ്‍ട്രോള്‍ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായ അനുമതി. 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020 ലെ ഏഴാം ഭേദഗതി പ്രകാരമാണ് ഇവയുടെ ഉപയോഗം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷനും ജോര്‍ജ് ആന്റ് സണ്‍സും ചേര്‍ന്ന് സംസ്ഥാന ഗതാഗത മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിനും നിവേദനം നല്‍കി. വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.
ഭേദഗതി പ്രകാരം, അനുവദനീയമായ പരിധിക്കുള്ളിലുള്ള ഗ്ലേസിങ് മെറ്റീരിയലുകളുടെ (ഫിലിമുകളുടെ) ഉപയോഗത്തിന്റെ പേരില്‍ വാഹന ഉടമകള്‍ക്ക് എതിരെ ഇനി പിഴ ചുമത്താനാവില്ല. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ടെക്‌നിക്കല്‍ റെഗുലേഷന്‍, 2008 മാര്‍ച്ചില്‍ അംഗീകരിച്ച പ്രമേയം അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ ഗ്ലേസിംഗ് മെറ്റീരിയലായി പ്ലാസ്റ്റിക് പാളികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രമേയത്തില്‍ ഇന്ത്യയും പങ്കാളിയായതിനാല്‍ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലും തതുല്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ള സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ ഇത് അമ്പത് ശതമാനമാണ് അനുവദനീയമായിട്ടുള്ളത്.
അസഹനീയമായ ചൂടുകാലാവസ്ഥയെ ചെറുക്കാന്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എസിയുടെ ഉപഭോഗം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടി വരുന്നു. വന്‍ ഇന്ധന വിലവര്‍ധന നേരിടുന്ന ഈ കാലത്ത് ഇതൊരു അധിക ബാധ്യതയാണ്. കൂടാതെ അമിത ഇന്ധന ഉപയോഗം കാര്‍ബണ്‍ എമിഷന്‍ വര്‍ദ്ധിപ്പിച്ച് പാരിസ്ഥിതിക പ്രശനങ്ങള്‍ക്കും വഴിതെളിക്കും. അതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും വിന്‍ഡ് സ്‌ക്രീന്‍, റിയര്‍ വിന്‍ഡോ എന്നിവയ്ക്ക് ഗ്ലേസിംഗ് നല്‍കുമ്പോള്‍ എഴുപത് ശതമാനത്തില്‍ കുറയാത്ത ദൃശ്യ സംപ്രേക്ഷണമുണ്ടാകണമെന്ന് ഭേദഗതിയിലെ ചട്ടം 100 ല്‍ വ്യക്തമാക്കുന്നു. സൈഡ് വിന്‍ഡോകള്‍ക്ക് അമ്പത് ശതമാനവും. 2019 ല്‍ ഭേദഗതി ചെയ്ത ഐഎസ് 2553 ചട്ടം പ്രകാരം ഉള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. അവിഷേക് ഗോയങ്ക വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി വിധിയിലൂടെ ഏര്‍പ്പെടുത്തിയ നിരോധനം സിഎംവി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ ഫലമായി നിലനില്‍ക്കില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത്, ഐഎസ് 2553 അല്ലെങ്കില്‍ റൂള്‍ 100 പ്രകാരം ഒരുതരത്തിലുമുള്ള ഫിലിമുകളുടേയും ഉപയോഗം അനുവദനീയമായിരുന്നില്ല.
2553 റിവിഷന്‍ 1:2019 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിംഗ് അഥവാ സണ്‍ കണ്‍ട്രോള്‍ ഫിലിം നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയായ ഗാര്‍വാറേ ഹൈ-ടെക് ഫിലിംസ് ലിമിറ്റഡ് ഗ്ലേസിംഗ് മെറ്റീരിയലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹരിയാനയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നിന്നും. കാറിന്റെ വിന്‍ഡോകളില്‍ ഒട്ടിച്ചിരിക്കുന്ന ഫിലിമില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ് ഏത് സ്മാര്‍ട്ട് ഫോണിലൂടെയും സ്‌കാന്‍ ചെയ്ത് അത് ഐഎസ് 2553-നും സിഎംവിആര്‍ -ന്റെ ചട്ടം 100 ലും നിര്‍ദ്ദേശിച്ചിരിക്കുന്ന ദൃശ്യപരതയ്ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാനാകും. വിപണിയില്‍ ലഭ്യമായ വിഎല്‍ടി മീറ്റര്‍ എന്ന ഉപകരണത്തിലൂടെ പരിശോധിച്ചും ഇത് ഉറപ്പ് വരുത്താനാകുന്നതാണ്.