ഹൃദയത്തിലാണ് ആ ശബ്ദം

എസ്പി ബാലസുബ്രഹ്‌മണ്യം എന്ന ഇതിഹാസത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് കൃത്യമായി പറഞ്ഞാൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ദൂരദർശനൊപ്പം വളർന്ന തലമുറയുടെ പ്രതിനിധി ആയത് കൊണ്ട് അക്കാലത്ത് ചിത്രഹാറിൽ സ്ഥിരമായി വരുമായിരുന്ന ‘മേ നേ പ്യാർ കിയാ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ വഴിയാണ് എസ്പിയുടെ മാസ്മരിക ശബ്ദം തിരിച്ചറിഞ്ഞത്. എസ്പിയുടെ ശബ്ദം കേൾക്കുമ്പോൾ സൽമാൻ ഖാന്റെ മുഖമായിരുന്നു അന്ന് മനസ്സിൽ വരിക. ഒരു ദീപാവലി ദിനത്തിൽ ദൂരദർശനിൽ ‘മേ നേ പ്യാർ കിയ’ എന്ന സിനിമ കണ്ടതോടെ സൽമാനൊപ്പം ആ ഗാംഭീര്യമാർന്ന ശബ്ദവും ഹൃദയത്തിൽ കയറി കൂടി.

പിന്നെ ‘സാജൻ’ ‘ഹം ആപ് കെ ഹൈ കോൻ’ തുടങ്ങിയ ചിത്രങ്ങൾ കൂടി വന്നതോടെ എസ്പിബി എന്ന മൂന്നക്ഷരം അക്ഷരാർത്ഥത്തിൽ തരംഗമായി മാറി. ഒരുപക്ഷേ, ബോളിവുഡിൽ ഇത്രയും വലിയ ഓളം ഉണ്ടാക്കിയ ഒരു ദക്ഷിണേന്ത്യൻ ഗായകൻ വേറെ ഉണ്ടാകില്ല. കുമാർ സാനുവും, ഉദിത് നാരായണും കത്തി നിൽക്കുമ്പോൾ തന്നെയായിരുന്നു സമാന്തരമായി എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ജൈത്ര യാത്ര. രാം ലക്ഷ്മൺ, നദീം ശ്രാവൺ തുടങ്ങിയ സംഗീത സംവിധായകരാണ് ഈ നാദവിസ്മയത്തിന്റെ സാധ്യതകൾ ഹിന്ദി സിനിമ പിന്നണി ഗാനരംഗത്ത് ഉചിതമായി വിനിയോഗിച്ചത്.

കിഷോർ കുമാറിന് ശേഷം ഇന്ത്യൻ സിനിമയിൽ ഇത്രയും വൈവിദ്ധ്യം പ്രകടമാക്കിയ ഒരു ഗായകൻ എന്ന വിശേഷണം എസ്പിക്ക്‌ അല്ലാതെ വേറെ ആർക്കാണ് ചേരുക. ഇരുവരും തമ്മിൽ ഒരുപാട് സാമ്യവുമുണ്ട്. കിഷോറിനെ പോലെ എസ്പിയും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ല. ഏത് നടന് വേണ്ടിയാണോ ആലപിക്കുന്നത് ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവവും പൂർണമായും ഉൾക്കൊണ്ട്‌ പാടുന്ന ശൈലിയായിരുന്നു ഇരുവർക്കും. ഗായകൻ എന്ന മേഖലയിൽ സർവ്വശോഭയോടെ നിൽക്കുമ്പോഴും, സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കിഷോർ ദായും എസ്പിബിയും. സർവോപരി, ഘനഗംഭീരമായ ശബ്ദത്തിന് ഉടമകൾ.

എസ്പിയുടെ ഓരോ പാട്ടുകളും എന്റെ തലമുറയ്ക്ക് ഗൃഹാതുരതയുടെ ഭാഗം കൂടിയാണ്. ദൂരദർശന്റെ പ്രതിവാര തമിഴ് പരിപാടിയായിരുന്ന തിരൈ മലരിൽ സ്ഥിരമായി വന്ന ‘മണ്ണിൽ ഇൻട്ര കാതൽ’ എന്ന ശ്വാസം വിടാതെയുള്ള epic ഗാനവും റേഡിയോയിലുടെ പരിചിതമായ അനശ്വരത്തിലെ ‘താരാപഥം ചേതോഹര’വും ഇന്ന് കേൾക്കുമ്പോൾ മനോഹരമായ ബാല്യകാലത്തിന്റെ ഓർമ്മകൾക്ക് വീണ്ടും ജീവൻ പകരും. എസ്പിബി ആസ്വാദകർക്ക് ഒരു വികാരമാണ് അന്നും ഇന്നും എന്നും. ഒരു എളിയ ആരാധകന്റെ പ്രണാമം…

Facebook Comments Box

Author

Start typing and press Enter to search