വിധിയെ മറികടന്ന നക്ഷത്രങ്ങള്‍

ഇന്ത്യൻ കായിക രംഗത്തിന് ഇത് പുത്തൻ ഉണർവ്വിന്റെ കാലം. ലോക കായിക വേദികളിൽ മുൻപെങ്ങും ഇല്ലാത്ത തലയെടുപ്പോടെ നമ്മുടെ താരങ്ങൾ വിജയപീഠം കയറുമ്പോൾ നിരാശയുടെ ഇരുൾ മെല്ലെ മറയുകയാണ്. ഇനിയും ഒരുപാട് കാതം സഞ്ചരിക്കാൻ ഊർജ്ജവും ആത്മവിശ്വാസവും പകരുന്നതാണ് ഒളിമ്പിക്സിലും പാരാലിമ്പിക്സിലും നമ്മൾ പൊരുതി നേടിയ മെഡൽ തിളക്കങ്ങൾ.

ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ആവോളം ആഘോഷിച്ച ഒരു ജനതയ്ക്ക് ഉടൻ ഇരട്ടി മധുരം സമ്മാനിക്കുന്നതായി പാരാലിമ്പിക്‌സിലെ ത്രിവർണ്ണ ശോഭ. ശാരീരിക വൈകല്യങ്ങളെ കരളുറപ്പോടെ നേരിട്ടാണ് ഓരോ ഇന്ത്യൻ പാരാലിമ്പിക്സ് മത്സരാർത്ഥിയും തങ്ങളുടെ ഭിന്നശേഷിയുടെ മൂല്യം ലോകത്തിന് കാണിച്ചു കൊടുത്തത്. മെഡൽ വേട്ടയിൽ പുതിയ ചരിത്രമാണ് ഇന്ത്യ കുറിച്ചത്. 5 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമായി ആകെ 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പാരാലിമ്പിക്സ് വേദികളിൽ നിന്ന് കൊയ്തത്. പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ടോക്യോ സാക്ഷ്യം വഹിച്ചത്.

9 കായിക ഇനങ്ങളിലായി 54 അംഗ പാരാ അത്‌ലറ്റിക് സംഘത്തെയാണ് രാജ്യം ടോക്കിയോയിലേക്ക് അയച്ചത്. 1968ല്‍ ആദ്യ പാരാലിമ്പിക്‌സില്‍ പങ്കെടുത്തത് മുതല്‍ 2016 വരെ ഇന്ത്യയുടെ ആകെ സമ്പാദ്യം 12 മെഡലുകളായിരുന്നു. ഇവിടെ നിന്നാണ് കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളിൽ 5 സ്വർണ്ണം ഉൾപ്പെടെ 19 മെഡലുകളുമായി ഇന്ത്യൻ സംഘം ഏവരേയും വിസ്മയപ്പെടുത്തിയത്. 162 രാജ്യങ്ങൾ മാറ്റുരച്ച കായിക മേളയിൽ എല്ലാ പരിമിതികളെയും അതിജീവിച്ച് 24ാം സ്ഥാനം നേടിയെടുക്കാനും നമ്മുടെ പാരാ അത് ലറ്റുകൾക്കായി. ആകെ ലഭിച്ച മെഡലുകളുടെ എണ്ണമാണ് മാനദണ്ഡമെങ്കിൽ ഇന്ത്യ നാല് സ്ഥാനം കൂടി മുന്നിലായിരിക്കും. ബാഡ്‌മിന്‍റണ്‍, ഷൂട്ടിങ്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണ് ഭാരതം സ്വർണ്ണം ചൂടിയത്. ബാഡ്‌മിന്‍റണ്‍ കോർട്ടിൽ നിന്ന് മാത്രം രണ്ട് സ്വര്‍ണ്ണം ഉൾപ്പെടെ നാല് മെഡലുകൾ വാരിക്കൂട്ടി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിൾ വിഭാഗത്തിൽ 19കാരിയായ അവാനി ലേഖാരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം സമ്മാനിച്ചത്. 50 മീറ്റര്‍ റൈഫിളിൽ വെങ്കലം കൂടി സ്വന്തം പേരിൽ കുറിച്ച അവാനി, പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി. 50 മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാളും, ബാഡ്‌മിന്‍റണിൽ പ്രമോദ് ഭഗതും കൃഷ്‌ണ നാഗറും ജാവലിൻ ത്രോയിൽ സുമിത് ആന്‍റിലുമാണ് ഇന്ത്യക്കായി സ്വർണ്ണമണിഞ്ഞ മറ്റ് താരങ്ങൾ. ജാവലിന്‍ ത്രോയില്‍ സുമിത് ആന്‍റില്‍ ലോക റെക്കോഡ് നേടിയപ്പോള്‍, പാരാലിമ്പിക്‌സില്‍ റെക്കോഡ് സ്വന്തമാക്കിയ അവനി ലേഖാര ലോക റെക്കോഡിനൊപ്പമെത്തി. ഷൂട്ടിങ് താരമായ മനീഷ് നര്‍വാള്‍ പാരാലിമ്പിക്‌സില്‍ റെക്കോഡ് സ്വന്തമാക്കിയപ്പോൾ, ഹെെജംപില്‍ നിഷാദ് കുമാറും പ്രവീണ്‍ കുമാറും ഏഷ്യന്‍ റെക്കോഡ് നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തി.

ടോക്യോ പാരാലിമ്പിക്സിൽ പങ്കെടുത്ത 54അത് ലറ്റുകളും കേന്ദ്ര സർക്കാരിന്റെ ടാർഗറ്റ് ഒളിമ്പിക് പോഡിയം അഥവാ ടോപ്സിന്റെ ഭാഗമായി പരിശീലനം സിദ്ധിച്ചവരാണ്. ഇന്ത്യൻ കായിക രംഗത്തെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് 2014ലാണ് പദ്ധതി ആരംഭിക്കുന്നത്. ടോക്യോ ഒളിമ്പിക്സും പാരാലിമ്പിക്സും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം അത് ലറ്റുകളുടെ പരിശീലനത്തിനായി 1200 കോടിയാണ് സർക്കാർ ചെലവിട്ടത്. ടോപ്സിന്റെ മുൻ അധ്യക്ഷയായിരുന്ന അഞ്ജു ബോബി ജോർജ് പദ്ധതിയുടെ ഗുണം 2020ലും 2024ലുമായിരിക്കും ലഭിക്കുക എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദീർഘകാലത്തേക്കുള്ള ഒരു സ്പോർട്സ് പദ്ധതി രാജ്യത്ത് സർക്കാർ ആവിഷ്കരിക്കുന്നത് ആദ്യമായിട്ടാണെന്നും അഞ്ജു അന്ന് പറഞ്ഞിരുന്നു.

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേലിന് പരിശീലനത്തിന് ആവശ്യമായ സാമഗ്രികളും ഫീസും മറ്റ് ചെലവുകളും നൽകിയത് ടോപ്സ് വഴിയായിരുന്നു. സ്വന്തം പരിശീലനത്തിന് ആവശ്യമായ ടി ടി ടേബിളും റോബോട്ടും ടി ടി വീൽചെയറും കായിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും. ഇത് ഭവിനയുടെ മാത്രം കഥയല്ല, പാരാലിമ്പിക്സിൽ മാറ്റുരച്ച മറ്റ് 53 പേർക്കും വിധിയെ മറികടന്ന് രാജ്യത്തിന്റെ അഭിമാന നക്ഷത്രങ്ങളാകൻ പ്രേരകമായത് പദ്ധതി വഴിയുള്ള സഹായങ്ങൾ തന്നെയാണ്. 135 കോടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന ആഗോള കായിക ശക്തിയായി മാറാൻ നമുക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നവഭാരതത്തിന്റെ ആ മനോഹര സ്വപ്നം പൂവണിയാൻ നമുക്ക് ഒരുമിച്ച് മുന്നേറാം.

Facebook Comments Box

Author

Start typing and press Enter to search