75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്‌പൈസസ് ബോർഡ്

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വതന്ത്ര വർഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേർന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷൻ സ്‌പൈസസ് ബോർഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. ഈ സ്പെഷ്യൽ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമിൽ ഒന്നിച്ചുകൊണ്ടുവരികയും അവർക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

“നിലവിൽ തുടർന്നുപോരുന്ന ഇ-ലേലങ്ങൾക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്‌ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വർഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്” എന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി സത്യൻ പറഞ്ഞു “ഏല കർഷകർക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷൻ സെന്‍ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്‌താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്‌പൈസസ് ബേർഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കർഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തിൽ പങ്കെടുക്കും എന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു.

Facebook Comments Box

Start typing and press Enter to search