മുഖക്കുരുവിന് കാരണം മാസ്കുമാവാം

കോവിഡിനെ തുരത്താൻ മാസ്ക് വെച്ചുതുടങ്ങിയതോടെ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. മാസ്ക് വെക്കുന്ന ഭാ​ഗത്തു കുരുക്കൾ വർധിക്കുമ്പോഴാണ് പലരും ഇവ ശ്രദ്ധിക്കുന്നതു തന്നെ. എണ്ണമയം കൂടുന്നതും വിയർപ്പടിയുന്നതുമൊക്കെ ഇതിന് കാരണമാണ്. മാസ്ക് വെക്കുന്നയിടം ചൂടുകൂടുകയും ഉരയുകയുമൊക്കെ ചെയ്യുകവഴി ചൊറിച്ചിലും തടിപ്പും രൂപപ്പെടുന്നുവെന്ന് പരാതിപ്പെടുന്നവരുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ പ്രശ്നം ഇല്ലാതാക്കാവുന്നതാണ്.

ശരിയായ മാസ്ക് തിരഞ്ഞെടുക്കുക

മുഖത്തിനു പാകമായ ശരിയായ മാസ്ക് തിരഞ്ഞെടുക്കുക എന്നതാണ് അവയിൽ ആദ്യത്തേത്. മാസ്ക് വൈറസിൽ നിന്നും സംരക്ഷിക്കാൻ പ്രാപ്തമാണെന്നും അതേസമയം ചർമത്തിന് അമിത സമ്മർദം ചെലുത്തുന്നതല്ലെന്നും ഉറപ്പുവരുത്തുക. ഒപ്പം മുഖത്ത് പുരട്ടുന്ന സൗന്ദര്യ വർധക വസ്തുക്കളും ചർമത്തിന് ചേരുന്നതാണോയെന്ന് പരിശോധിക്കണം. എണ്ണമയം അധികമില്ലാത്ത സൗന്ദര്യ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒപ്പം അമിതമായി മേക്അപ് ചെയ്യുന്നതും ഈ സമയത്ത് ഒഴിവാക്കുക. കൂടുതൽ മേക്അപ്പിനു മീതെ മാസ്ക് ധരിക്കുക വഴി ചർമത്തിലെ രോമകൂപങ്ങൾ അടയുകയും അത് മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും.

മുഖം കഴുകാം ഇടയ്ക്കിടെ

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ മറക്കരുത്. ഓരോ തവണ മാസ്ക് ഊരുമ്പോഴും ക്ലെൻസറോ മറ്റോ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖത്ത് അടിഞ്ഞുകൂടിയ ചെളിയും പൊടിയും എണ്ണമയവുമൊക്കെ നീങ്ങും. ക്ലെൻസർ തിരഞ്ഞെടുക്കുമ്പോൾ ചർമത്തിന് ചേരുന്നതാവാനും ശ്രദ്ധിക്കണം.

മോയ്സചറൈസർ ഉപയോ​ഗിക്കാം

മുഖം കഴുകിയതിനുശേഷം ചർമത്തിനു ചേരുന്ന മോയ്സ്ചറൈസർ‌‍ ഉപയോ​ഗിക്കുന്നതും നല്ലചാണ്. ഇതുവഴി ചർമത്തിൽ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കംചെയ്യാം. വരണ്ട ചർമത്തിന് ക്രീം ബെയ്സ്ഡ് മോയ്സ്ചറൈസറും എണ്ണമയമുള്ള ചർമത്തിന് ജെൽ ബെയ്സ്ഡ് മോയ്സചറൈസറും സാധാരണ ചർമത്തിന് ലോഷനും ഉപയോ​ഗിക്കാം.

സൺ‌സ്ക്രീനും മറക്കേണ്ട

വെയിലിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല സൺസ്ക്രീനിന്റെ ലക്ഷ്യം. സൺ‌സ്ക്രീൻ ക്രീം പുരട്ടുക വഴി കൊളാജെൻ, കെരാറ്റിൻ, ഇലാസ്റ്റിൻ തുടങ്ങിയ സ്കിൻ പ്രോട്ടീനുകളെ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.

ഇടയ്ക്കിടെ മുഖത്ത് തൊടല്ലേ

മുഖത്ത് ഇടയ്ക്കിടെ തൊടുന്ന സ്വഭാവം ഉള്ളവരുണ്ട്. മുഖക്കുരു ഉണ്ടെങ്കിൽ പിന്നെ അതു പൊട്ടിക്കാൻ മിനക്കെടുന്നവരുമുണ്ട്. ഇതുവഴി കൈയിലെ ചെളിയും മറ്റും മുഖത്ത് അടിയുകയും അതുവീണ്ടും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.

മാസ്കിന്റെ ശുചിത്വവും നിർബന്ധം

ശരീര ശുചിത്വം പോലെ തന്നെ മാസ്കിന്റെ ശുചിത്വവും നിർബന്ധമാണ്. ഓരോ തവണ ഉപയോ​ഗിച്ചു കഴിയുമ്പോഴും മാസ്ക് ശുചിയാക്കാൻ ശ്രദ്ധിക്കണം. മാസ്കിനുള്ളിലെ ചെളിയും എണ്ണമയവുമൊക്കെ പൂർണമായും പോകണം. വീര്യം കുറഞ്ഞ ‍ഡിറ്റർജെന്റ് ഉപയോ​ഗിച്ച് ചൂടുവെള്ളത്തിൽ മാസ്ക് കഴുകിയെടുക്കുന്നതാണ് നല്ലത്. ഡിസ്പോസിബിൾ മാസ്കാണ് ഉപയോ​ഗിക്കുന്നതെങ്കിൽ സമയത്തിനനുസരിച്ച് മാറ്റാനും മറക്കരുത്.

Facebook Comments Box

Start typing and press Enter to search