സുധീര്‍ മരിച്ചിട്ടില്ലടോ, മലയാളീ…!

എഴുപതിലും ‘യങ്ങാ’യിരിക്കുന്ന മമ്മൂട്ടിയും എഴുപത് തൊടാനായി ജിമ്മില്‍ വര്‍ക്ക് ഔട്ട് നടത്തുന്ന മോഹന്‍ലാലും… മലയാള സിനിമയില്‍ പെണ്ണുങ്ങള്‍ക്കൊന്നും പിറന്നാളില്ലേ അച്ഛാ എന്നു ചോദിക്കുന്ന ഒരു കുട്ടിയുടെ നിഷ്‌കളങ്കത കഴിഞ്ഞ ദിവസം ഒരു യൂടൂബ് ചാനലില്‍ കണ്ടു.

ഒന്നോര്‍ത്തു നോക്കിയാല്‍ ശരിയാണ്. ഇന്നിന്റെ ഒപ്പം ഓടാനായി നടീനടന്മാര്‍ വളരെ കഷ്ടപ്പെടുകയാണ്. പെയ്ഡ് പ്രമോഷന്‍ വരെ ചെയ്താണ് തട്ടിമുട്ടി പിടിച്ചു നില്‍ക്കുന്നത് തന്നെ. പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നായകരെപ്പോലെ സിനിമാ പ്രേമികളുടെ മനസില്‍ കഴിയുന്നവരൊന്നും ഇന്ന് ഇല്ലെന്നുതന്നെ പറയാം. പണമൊഴുക്കി പ്രമോട്ടുചെയ്യുന്ന ‘ഫാന്‍സ് പിള്ളേര്‍’ക്കു കൂടി ബുദ്ധിയുദിച്ചാല്‍ തീര്‍ന്നു, സൂപ്പര്‍ ഡ്യൂപ്പര്‍ സ്റ്റാര്‍വാല്യൂ രാജാക്കന്മാരുടെ കഥ.

അപ്പോ പറഞ്ഞു വന്നതെന്തെന്നുവച്ചാല്‍ എഴുപതുകളില്‍ രാജാധിരാജനായി പ്രേംനസീര്‍ മലയാള സിനിമയെ ഉള്ളംകയ്യില്‍ താലോലിച്ചിരുന്ന സമയത്ത് പുതുമുഖങ്ങളുമായെത്തി സിനിമാലോകത്തെ പിടിച്ചു കുലുക്കിയ ഒരു ചിത്രം. ആ ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ കയറിയ ഒരു നടന്‍. ഒരു തൃശൂര്‍ക്കാരന്‍. ആ നടന്റെ മരണം പോലും പലരും അറിഞ്ഞില്ല. ഇന്ന് അദ്ദേഹത്തെ ഒന്ന് ഓര്‍ക്കണമെന്ന് തോന്നി. 2004 സെപ്തംബറില്‍ മലയാളസിനിമാ പ്രേമികളോട് യാത്രപറഞ്ഞിറങ്ങിയ സുധീറിന്റെ ഓര്‍മ്മദിനമാണിന്ന്.

സുധീര്‍…
പുതുതലമുറക്ക് ഗൂഗിളില്‍ തിരയേണ്ടിവരും. എന്നാല്‍ എഴുപതുകളുടെ ആരംഭത്തില്‍ നിഴലാട്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുധീര്‍ 1972ല്‍ പുറത്തിറങ്ങിയ ചെമ്പരത്തിയിലെ അഭിനയിത്തിലൂടെ സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവനായി മാറി. 1975 ല്‍ സത്യത്തിന്റെ നിഴലില്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ പ്രതിഭ.

നമ്മളില്‍ പുതുതലമുറ എത്രപേരറിയും സുധീര്‍ എന്ന നടനെ. നസീര്‍, സത്യന്‍, മധു, ജയന്‍…. ഈ പേരുകള്‍ മാത്രമല്ല അഭിനയ രംഗത്തുണ്ടായിരുന്നതെന്ന് മലയാളി മനഃപൂര്‍വ്വമല്ലെങ്കിലും മറക്കുന്നു. അഭിനയ മികവിന്റെ കൊടുമുടിയിലും സുധീര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രതിഭ തെളിയിച്ചുകൊണ്ടേയിരുന്നു.
ചായം, ചിരിക്കുടുക്ക, റാഗിംങ്, മനസ്, കടല്‍… പട്ടിക നീളും.

എന്നിട്ടും മലയാളി സുധീറിനെ അരുകിലേക്ക് മാറ്റിനിര്‍ത്തി. മഹാപ്രതിഭകളെ മാറ്റിനിര്‍ത്തുന്നതില്‍ നാം പിന്നിലല്ലാത്തതിനാല്‍ അതില്‍ അതിശയമില്ല. എന്നിരുന്നാലും, മലയാള സിനിമയെ സ്‌നേഹിക്കുന്നവരെങ്കിലും അദ്ദേഹത്തെ ഓര്‍ത്തെടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മുഖ്യധാരാ പത്രങ്ങളടക്കം സുധീറിന്റെ ഓര്‍മ്മകളെപോലും അകറ്റിനിര്‍ത്തിയതിന് പിന്നില്‍ എന്താണെന്ന് മനസിലാകുന്നില്ല.

അദ്ദേഹത്തിന്റെ അഭിനയപാടവം മനസിലാക്കാനോ അത്തരത്തിലൊരു വേഷം നല്‍കാനോ പിന്നീടെത്തിയവര്‍ തയ്യാറാകാതിരുന്നതും എന്തിനായിരുന്നു? അരികുവത്കരിച്ച്, അവസാനം തഴയപ്പെടുന്നുവെന്ന സത്യം മനസിലാക്കിയപ്പോഴും ചെറു റോളുകളില്‍ പോലും അഭിനയിക്കാന്‍ തയ്യാറായ അഭിനയ സ്‌നേഹിയെന്ന് പറയാം സുധീറെന്ന കലാകാരനെ. തമിഴിലടക്കം 110 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചായിരുന്നു മരണത്തിന്റെ കൂടെയുള്ള മടക്കം.

മലയാള സിനിമയില്‍ ചിലര്‍ ആഘോഷിക്കപ്പെടുകയാണ്. മറ്റുചിലര്‍ അറിയപ്പെടാതെ പോകുകയാണ്… ആരാണ് കാരണക്കാര്‍, നാംതന്നെ.. പിന്നല്ലാതെയാര്.?

സുധീര്‍, അങ്ങയുടെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. മണ്ണിലലിഞ്ഞു ചേരുമ്പോഴും തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയില്‍ അനന്തവിഹായസ്സില്‍ ചിരിക്കുകയാണെന്നറിയാം. ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും മുകളില്‍ മലയാളി സിനിമാസ്വാദകന്റെ ഹൃദയത്തിലാണ് സുധീറിന്റെ ആ ചിരി. മറക്കില്ല… മറക്കാനാകില്ല… കാരണം നല്ല നടന്മാര്‍ക്ക് മരണമില്ലടോ..

Facebook Comments Box

Start typing and press Enter to search