ഗുഡ് മോർണിങ്ങ് …ഞാൻ പറയുന്നത് നിങ്ങൾക്ക് ക്ലിയറായി കേൾക്കുന്നുണ്ടോ?

അധ്യാപകനായതിന് ശേഷമുള്ള എല്ലാ അധ്യാപകദിനവും ഏറെ സന്തോഷം തരുന്ന ഒരു ദിവസമാണ്.. കോവിഡിന് മുൻപുള്ള എല്ലാ സെപ്റ്റംബർ അഞ്ചിനും കോളേജിലെ മേശപ്പുറം മുഴുവൻ പൂക്കളും ആശംസ കാർഡുകളും ചോക്ലേറ്റുകളും കൊണ്ട് നിറയുന്ന ദിവസം.. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇത്തരം കുഞ്ഞു വലിയ സന്തോഷങ്ങളെല്ലാം മറ്റെല്ലാം പോലെ പോലെ തന്നെ ആറിഞ്ചിന്റെ ആ ഡിജിറ്റൽ സ്പേസിൽ ഒതുങ്ങി പോകുന്ന ആ നിരാശയും എല്ലാം പഴയത് പോലെയാവട്ടെ എന്ന ആ ശുഭ പ്രതീക്ഷയും..

ഗുഡ് മോർണിങ്ങ് .ഞാൻ പറയുന്നത് നിങ്ങൾക്ക് ക്ലിയറായി കേൾക്കുന്നുണ്ടോ?
കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ ക്ലാസുകളുടെയും തുടക്കം തന്നെ ഈ ആശങ്കയിലാണ്..പലപ്പോഴും ഇത് ചെന്ന് അവസാനിക്കുന്നത് മുകേഷ് പണ്ട് പറഞ്ഞത് പോലെ കമ്പിളിപ്പുതപ്പിലാണ്…

അടുത്തകാത്ത് ഒരു സഹ്യദയൻ ചെയ്യുന്ന പണിയെ കുറ്റം പറഞ്ഞപ്പോളുണ്ടായ വർഗ്ഗ ബോധത്തിൽ നിന്ന് എഴുതി പോയ പോലെ എനിക്കൊരിക്കലും അധ്യാപനം മഹനീയമെന്നോ പൂജനീയമെന്നോ എന്നൊന്നും തോന്നിയിട്ടില്ല..ഏറ്റവും കുറഞ്ഞ പക്ഷം ഒരു ശരാശരിയിൽ താഴെ നിൽക്കുന്ന അധ്യാപകനായ ഞാനൊക്കെ വിദ്യാർഥികളിൽ നിന്ന് ഇത്ര ബഹുമാനമൊക്കെ അർഹിക്കുന്നുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്..മറ്റ് ഏത് ജോലി പോലെയും ശമ്പളം വാങ്ങുന്നു പണിയെടുക്കുന്നു..വീണ്ടും ശമ്പളം വാങ്ങുന്നു..പണിയെടുക്കുന്നു.. ഇതൊക്കെയാണ് ഇന്ന് കേരളത്തിൽ അധ്യാപനം..എന്നാൽ ഈ പണി ഒരു മര്യാദക്ക് ഒക്കെ ചെയ്യുന്നവർക്ക് മാത്രം കണ്ണിൽ പെടുന്ന ഒരു പ്രകടമായ വ്യത്യാസമുണ്ട്..അൻപത് പേരുള്ള ഒരു ക്ലാസിൽ വ്യത്യസ്തമായ അൻപത് തലച്ചോറുകളോടും നൂറ് കണ്ണുകളോടുമാണ് നമ്മൾ ദിവസവും സംവദിക്കുന്നത്… ഹിറ്റ്ലറും, മുസോളിനിയും ഇന്ദിരാഗാദ്ധിയും കൽപ്പന ചാവ്ളയും ഐൻസ്റ്റീനും പിക്കാസോയും ശ്രീജേഷും എം ടി വാസുദേവൻ നായരും സച്ചിനും യേശുദാസും മോഹൻലാലും നീരജ് ചോപ്രയും ഒക്കെ ഒന്നിച്ചിരിക്കുന്ന ക്ലാസുകളാണ് നമ്മുടെ പണിശാല… അവിടെ നിന്ന് വിയർക്കാതെ മുട്ടിടിക്കാതെ പണിയെടുക്കണമെങ്കിൽ പണ്ട് മമ്മൂക്ക പറഞ്ഞത് പോലെ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഒക്കെ ഉണ്ടാവണം…

കുറച്ച് വർഷത്തിന് മുൻപ് ഒരു
എറണാകുളം യാത്രയിൽ ട്രയിനിൽ വച്ച് വളരെ പരിചിതനായ ഒരു പഴയ വിദ്യാർഥിയെ കണ്ടു.. പഠനത്തിനും പാട്ട് പാടാനും ഒരുപോലെ മിടുക്കനായിരുന്ന അയാളുമായി കൂടുതലടുത്തത് കോട്ടയത്ത് വച്ച് നടന്ന ഒരു യൂണിവേഴ്സിറ്റി കലോത്സവ ഡ്യൂട്ടിക്കിടെയാണ്.. അയാൾ പഠിച്ച് ഒരു ബാങ്കിൽ ജോലി ഒക്കെ വാങ്ങിയ വിവരമറിഞ്ഞതിന് ശേഷം പിന്നീടന്നാണ് കാണുന്നത്.. എന്നാൽ പേര് വിളിച്ച് ഞാൻ അടുത്ത് ചെയ്യുന്നതിന് മുൻപേ അയാൾ വളരെ ധ്യതിയിൽ വിചിത്രമായി എന്നെ കണ്ടില്ല എന്ന് ഭാവിച്ച് നടന്നകന്നു..

അന്ന് വൈകിട്ട് ലുലുവിൽ PVR ൽ ഒരു സിനിമ കാണാൻ പോകുന്ന വഴി താഴെ ഹൈപ്പർ മാർക്കറ്റിൽ കയറി.. ബില്ല് അടിക്കുന്ന സമയം ജിതിൻ സാറേ എന്നൊരു നീട്ടി വിളി കേട്ടു.. വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയാണ്.. പേര് പറഞ്ഞു.. സാറിനെന്നെ മനസിലായില്ലേ..എന്റെ ട്യൂട്ടറായിരുന്നു സാർ.. എനിക്ക് ആളെ ഓർമ്മ വന്നു.. ബില്ല് കൊടുത്ത് ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു.. അവൾ ആ ജോലി കിട്ടിയതിനേക്കുറിച്ചും, മാസം കിട്ടുന്ന ആ ചെറിയ ശമ്പളം വീട്ടിൽ കൊടുക്കുന്ന സന്തോഷത്തെക്കുറിച്ചും ഒക്കെ വാചാലയായി സഹപ്രവർത്തകരെ ഒക്കെ എന്നെ പരിചയപ്പെടുത്തി.. മടങ്ങുമ്പോൾ ഡിസ്റ്റൻസ് ആയി MA ചെയ്യാനുള്ള മാർഗ്ഗമൊക്കെ ചോദിച്ചിട്ടാണ് എന്നെ വിട്ടത്..
ഈ രണ്ട് പേരിൽ ഒരാൾ നല്ലത് മറ്റൊരാൾ മോശം എന്നതല്ല മറിച്ച് ആ രണ്ട് പേരിൽ ആരാണ് ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്നത് എന്നതാണ് എന്റെ കണ്ണിൽ പതിഞ്ഞത്..

ഇവിടെ കുട്ടികളെ മൊറാലിറ്റി പഠിപ്പിക്കാനും വഴി തെറ്റുന്ന കിടാങ്ങളെ നേർവഴിക്ക് നയിക്കാനും മാത്രം അധ്യാപനം ഒരു ജീവിത ലക്ഷ്യമായി കാണുന്ന ധാരാളം അധ്യാപക സുഹ്യത്തുക്കളുണ്ട്.. അവരോട് ഒരു വാക്ക്..പണ്ടൊരിക്കൽ ഒരു സുഹൃത്ത് ക്ലാസിൽ ഫീഡ്ബാക്ക് എഴുതാൻ പറഞ്ഞപ്പോൾ മിസ് ദൈവമാണ്.. പൊളിയാണ്.. മാസ്സാണ് എന്നൊക്കെ എഴുതിയതിന്റെ കൂട്ടത്തിൽ പേര് വയ്ക്കാത്ത ഒരു കുറിപ്പിൽ ഇങ്ങനെ ഒരാൾഎഴുതി… Come-Teach-Go…

ചെറിയ പ്രായത്തിൽ അധ്യാപകനായ ഞാൻ എനെക്കാൾ പ്രായമുള്ളവരെ പഠിപ്പിച്ചിട്ടുണ്ട്.. വിദ്യാർഥിയാണന്ന് തെറ്റിധരിച്ച് എന്നോട് ശബ്ദമുയർത്തി ക്ലാസിൽ കയറിയിരിക്കാൻ പറഞ്ഞ ചില അധ്യാപക സുഹൃത്തുക്കളുമുണ്ടായിട്ടുണ്ട്… മൂന്ന് വർഷം പഠിപ്പിച്ചിട്ട് ഫെയർവെൽ വേദിയിൽ സാറിനെ മരണം വരെ മറക്കില്ലാന്ന് പറഞ്ഞിട്ട് ആ വഴി പോയ എത്രയോ അഭ്യുതേകാംഷികൾ ഉണ്ട്.. ഫെയ്സ്ബുക്കിലെ ബെർത്ത്ഡേ ഒക്കെ മായിച്ചിട്ടാലും ആ ദിവസം ഓർത്ത് എന്നെ ഞെട്ടിക്കുന്ന അങ്ങനെ ചിലരും ഉണ്ട്..
പതിവ് പോലെ ആ ക്ലീഷേയിൽ അവസാനിപ്പിക്കാം..പഴയതെല്ലാം പഴയത് പോലെ ആവട്ടെ. മുഖം മൂടികളില്ലാത്ത.ജീവൻ തുടിക്കുന്ന തിളങ്ങുന്ന പ്രതീക്ഷയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്ന ആ ആത്മവിദ്യാലയങ്ങൾ നമുക്ക് മുന്നിൽ എന്നന്നേക്കും തുറക്കുമാറാവട്ടെ…
എല്ലാ പ്രിയപ്പെട്ടവർക്കും
അധ്യാപക ദിനാശംസകൾ

Facebook Comments Box

Author

Start typing and press Enter to search