ഗുരു എന്ന പാഠം

പഠനമികവിനേക്കാളും ഒരു വിദ്യാർത്ഥിയെ തിരിച്ചറിയാനുള്ള കഴിവുള്ളപ്പോഴാണ് ഇരുട്ടിനെ അകറ്റി വെളിച്ചം പരത്തുന്ന “ഗുരു” എന്ന വാക്ക് അന്വർത്ഥമാകുന്നത്.

ഏതൊരു പ്രവൃത്തിയും മഹത്വമുള്ളതാവുന്നത് അവയുടെ യഥാർത്ഥമൂല്യം തിരിച്ചറിയുമ്പോഴാണ്. എന്നാണോ അധ്യാപനത്തിനെ ഒരു തൊഴിൽ ആയി മാത്രം കാണാൻ തുടങ്ങിയത് അപ്പോൾ മുതൽ മൂല്യ തകർച്ച വന്നു എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഏതൊരു നന്മയ്ക്കും തിന്മയ്ക്കും പിന്നിൽ ഒരു സമൂഹമുണ്ടെന്ന് കരുതുന്നുവെങ്കിൽ ഇപ്പോൾ പരാമർശിച്ച മൂല്യ തകർച്ചയ്ക്ക് പിന്നിലും അതെ സമൂഹമാണെന്ന് പറയേണ്ടി വരും. എപ്പോൾ മുതലാണോ വിദ്യാർത്ഥികൾ അധ്യാപകരെ ഇൻറ്റേണൽ മാർക്ക് തരുന്ന ഒരു വ്യക്തി ആയി മാത്രം കാണുകയും അധ്യാപകരുടെ ശമ്പളം സമൂഹം അളക്കാൻ തുടങ്ങുകയും പണിയെടുക്കാത്തവർ എന്ന് അധ്യാപകരെ മുദ്ര കുത്തുന്ന പ്രവണത കാണിക്കുകയും അതിലുമുപരി അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കാനും സഹാനൂഭൂതിയിലൂടെ മാർക്കുകൾ വാരി കോരി കൊടുക്കാനും തുടങ്ങിയത് അപ്പോൾ മുതൽ അധ്യാപനത്തിലെ മഹത്വം കുറഞ്ഞതായി പറയാതെ വയ്യ!

നിങ്ങളിൽ എത്ര പേർക്ക് ഇത്തരത്തിൽ തോന്നുന്നുണ്ട് എന്ന് അറിയില്ല.. ഒരു പക്ഷെ എനിക്ക് ലഭിച്ച പഠനമികവിൻ്റെ സ്വാധീനമാവാം ഇന്നത്തെ ചില മാറ്റങ്ങൾ കാണുമ്പോൾ എന്നെ അസ്വസ്ഥയാകുന്നത്. ഞാൻ  അധ്യാപകരെ കാണുന്ന രീതി ഒരു കാലഘട്ടത്തിൻ്റെ സ്വന്തവുമാവാം. എൻ്റെ അനുഭവത്തിലൂടെ ഒരു അധ്യാപകൻ എങ്ങനെ ആവണമെന്ന് പിജി ക്ലാസ്സുകളിൽ എന്നെ പഠിപ്പിച്ച ഗണേഷ് സാറിലൂടെ ഞാൻ ഓർത്തു പോകുന്നു.

എന്നെ കേരള സർവകലാശാലയിൽ പഠിപ്പിച്ച ഗണേഷ് സാർ. അദ്ദേഹത്തെ കൊമേഴ്‌സ് വിഭാഗത്തിലെ പരമോന്നത വ്യക്തി എന്ന് ഓർക്കുന്നതിനെക്കാളും എനിക്കിഷ്ടം സൽപേരുണ്ടാകാൻ വേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താത്ത മാതൃക എന്ന് ഓർക്കാനാണ്.

ഡിപ്പാർട്മെന്റിലെ പഠനകാലയളവിൽ ഞങ്ങൾക്ക് ചിലർക്കെങ്കിലും ഗണേഷ് സാറിലൂടെ ഗുരു എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ 2008-ൽ ഡിപ്പാർട്മെൻറിൽ നിന്ന് പടിയിറങ്ങിയതിന് ശേഷവും സാറുമായി സമകാലീന വിഷയങ്ങളെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും സംവദിക്കാൻ ഞങ്ങളുടെ ബാച്ചിലെ ചിലർക്കെങ്കിലും സാധിച്ചിട്ടുണ്ട്.

വളരെ കർക്കശക്കാരനായ ചിരിക്കാത്ത വ്യക്തി എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും അടുത്തിടപ്പെടും തോറും, സ്വതന്ത്ര ചിന്തയും അതിലുപരി മനുഷ്യത്വവുമുള്ള ഒരു വ്യക്തി… ഞങ്ങളിൽ പലർക്കും അതാണ് ഗണേഷ് സാർ. എന്തെങ്കിലും സംശയം ചോദിച്ചാൽ റെഫർ ചെയ്തിട്ടു പറയാം എന്ന ഭംഗിവാക്ക് പറയുന്ന വ്യക്തിയല്ല. പകരം, തിരിച്ചുവിളിച്ച് ഉത്തരം പറഞ്ഞുതരാൻ പോലും അദ്ദേഹത്തിനു മടിയില്ല. എല്ലായ്പ്പോഴും ഒരു പ്രൊഫഷണലിസം മുൻനിർത്തി മുന്നോട്ടു പോകുന്ന വ്യക്തിത്വം.

നിങ്ങളുടെ അധ്യാപകനെ കുറിച്ച് ചോദിച്ചാൽ നന്നായി പഠിപ്പിക്കുന്ന ഒരാൾ എന്നതിൽ ഒതുങ്ങുന്ന ഒന്നാന്നോ ആ വാക്ക്.

ഒരിക്കലും അല്ല. മറിച്ച്, വിദ്യാർത്ഥികളെ ചൊടിപ്പിച്ച് വാശികയറ്റി മുന്നോട്ടു നയിക്കുകയും താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ വളർച്ച അവരറിയാതെ വീക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാവണം അധ്യാപകൻ, അതാണ് ഗണേഷ് സാർ…

നമ്മുക്ക് ചുറ്റും നടക്കുന്ന പ്രഹസന്നങ്ങൾ വിശ്വസിക്കാത്ത വ്യക്തി. “അതിലൊന്നും കാര്യമില്ലാ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന അധ്യാപകൻ. വരികളെഴുതുമ്പോൾ കണ്ണു നിറയുന്നുണ്ടോ എന്നൊരു സംശയം. മറ്റൊന്നും കൊണ്ടല്ല. ആദ്യമായി ജോലി കണ്ടെത്താൻ കൈത്താങ്ങായ വ്യക്തി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ പറയാതെ പറയുന്ന ആശ്വാസവാക്കുകൾ. ചില കാര്യങ്ങളിൽ നർമ്മം കലർത്തി മറ്റൊരു ചിന്താധാരയിൽ കൊണ്ടെത്തിക്കുന്ന പ്രതിഭ ജീവിതത്തിലെ ചില വിഷമഘട്ടങ്ങളെ കുറിച്ച് പറഞ്ഞാൽ ഒരു കഥയിലൂടെ ഉത്തരം പറഞ്ഞു തരുന്ന ഗണേഷ് സാർ. ഇങ്ങനെ പല അനുഭവങ്ങളിലൂടെയാണ് സാർ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാകുന്നത്.

പ്രിയപ്പെട്ട അധ്യാപകരായ ശാർങ്ങധരൻ സാർ, ശശികുമാർ സാർ, ഗണേഷ് സാർ, റസിയ ടീച്ചർ, രാജു സാർ, സൈമൺ സാർ (2006-2008 കാലഘട്ടത്തിലെ കേരള സർവകലാശാലയിലെ കോമേഴ്‌സ് വിഭാഗം അധ്യാപകർ) എന്നിവരെ കാണാമെന്ന ആവേശം ഞങ്ങൾ സുഹൃത്തുക്കൾ 11 വർഷത്തിന് ശേഷം 2019ൽ ഒത്തുകൂടിയപ്പോൾ വർദ്ധിക്കുകയും എല്ലാവരെയും കാണുകയും ചെയ്തു. ഗണേഷ് സാറിൻ്റെ ക്യാബിനു മുന്നിൽ എത്തിയപ്പോൾ പണ്ടത്തെ പോലെ ആശങ്കയായി.

ചോദ്യം: ആരാദ്യം കയറും ?
ഉത്തരങ്ങൾ നീ നീ…

ഇങ്ങനെ രണ്ടാമതൊന്നു ചിന്തിച്ചു മാത്രമേ അന്നും ഇന്നും സാറിന്റെ ക്യാബിനിൽ കയറാൻ ഞങ്ങൾക്ക് സാധിച്ചിരുന്നുള്ളൂ. എല്ലാവരുടെയും വിശേഷങ്ങൾ ചോദിക്കുകയും ഓരോരുത്തരുടെയും ജോലി രീതികളെക്കുറിച്ചും ആ സ്ഥാപനങ്ങളെക്കുറിച്ചുള്ള സാറിന്റി അഭിപ്രായം ഒറ്റവരിയിൽ രേഖപ്പെടുത്തുകയും സന്തോഷം പങ്കുവയ്ക്കുകയും ഫോട്ടോ എടുക്കാൻ അവസരം തരുകയും ചെയ്തു.

ക്യാബിനിൽ നിന്നും ഇറങ്ങിയതിനു ശേഷം ഞങ്ങൾ നെയിം ബോർഡ് ഒന്നു കൂടി നോക്കി – ഡോ. സി. ഗണേഷ്. ആത്മാഭിമാനത്തോടുകൂടിയും അൽപം അഹങ്കാരത്തോടെയും ഞങ്ങൾ ഓർത്തു നമ്മുടെ സ്വന്തം ഗണേഷ് സാർ തന്നെ.

പണ്ട്, ചിരി ഒതുക്കിയ നമ്മൾ ചിരിപ്പിക്കാൻ ശ്രമിച്ച “ലേഡീസ് എന്നും “ജന്റിൽമെൻ“ എന്നും നമ്മളെ ക്ലാസ്സിൽ അഭിസംബോധന ചെയ്ത, പകരം വയ്ക്കാനില്ലാത്ത, ഏക വ്യക്തിത്വം – അതെ, ഇപ്പോൾ സംസാരിച്ചത് ഗണേഷ് സാറിനോട് തന്നെ ആയിരുന്നു എന്ന് ഉറപ്പിച്ചു ഞങ്ങൾ അടുത്ത കണ്ടുമുട്ടലിനായി താൽകാലികമായി പിരിഞ്ഞു.

ആ അധ്യാപക മികവ് അനുഭവിക്കാൻ സാധിച്ചു എന്ന് അഭിമാനത്തോടെ എൻ്റെ അവസാന ശ്വാസം വരെ ഞാൻ പറയും.

തുടക്കത്തിൽ പരാമർശിച്ചതുപോലെ അധ്യാപനത്തിനെ വെറുമൊരു തൊഴിൽ ആയി മാത്രം കാണാതെ  ജീവിതം ഒരു സിലബസ്സായും ഓരോ  അധ്യാപകനും ഓരോ പാഠമായും കരുതുക.

ഏതൊരു വ്യക്തിയുടെയും ജീവിതപാഠത്തിലെ ഒരേട് ആവട്ടെ എല്ലാ ഗുരുക്കന്മാരും എന്ന പ്രതീക്ഷയിൽ ഈ അധ്യാപക ദിനത്തിൽ ഗണേഷ് സാറിനൊപ്പം എന്നെ ജീവിക്കാൻ പഠിപ്പിച്ച ഇപ്പോഴും എനിക്ക് പാഠമായി വർത്തിക്കുന്ന എല്ലാ സുമനസ്സുകളെയും ഞാൻ ഓർക്കുന്നു.

Facebook Comments Box

Author

Start typing and press Enter to search