Back to Home

ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത് സ്വപ്ന സമാനമായ നിമിഷം. ഓൾഡ് ട്രാഫോർഡിലെ പച്ചപ്പുൽ മൈതാനത്ത് ഒരു വ്യാഴവട്ടത്തിന് ശേഷം തീപ്പടർത്താൻ
ചുവന്ന ചെകുത്താന്മാരുടെ വീരനായകൻ വീണ്ടും എത്തുന്നു. നാട്ടുകാരായ ചിരവൈരികളുടെ പാളയത്തിൽ ചേക്കേറി വർഗ്ഗവഞ്ചകൻ എന്ന ദുഷ്പ്പേരുമായി കളിക്കളം വിടാൻ വേറെ ആളെ നോക്കണം. എണ്ണപ്പണത്തിന്റെ കൊഴുപ്പിൽ കണ്ണ് മഞ്ഞളിച്ച് സ്വന്തം അസ്തിത്വം ബലികഴിപ്പിക്കുന്ന വെറും പ്രൊഫഷണൽ ഫുട്ബോൾ താരമായി തരം താഴാൻ ഒരുക്കമല്ലെന്ന് ഉറക്കെ വിളിച്ചോതുന്നതായി ക്രിസ്റ്റിയനോ റൊണാൾഡോയുടെ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ്.

കാൽപ്പന്ത്‌ കളിയിൽ ലോകം ആരാധിക്കുന്ന ഇന്നത്തെ ഇതിഹാസമായി വാർത്തെടുക്കാൻ അടിത്തറ പാകിയ തറവാട്ടിലേക്ക് 36 ആം വയസ്സിൽ ഗംഭീര ട്വിസ്റ്റോടെ രാജകീയ മടക്കം. ഏറെ ബഹുമാനിക്കുന്ന പ്രിയ ഗുരു സർ അലക്സ് ഫെർഗ്യൂസന്റെയും യുണൈറ്റഡിലെ പഴയ ചങ്ക് റൂണിയുടെയുടെയും ആഗ്രഹത്തിന് വിരുദ്ധമായി താരം മാഞ്ചസ്റ്റർ സിറ്റിയിൽ പോകുമെന്ന വിമർശകരുടെ പ്രതീക്ഷ കൂടിയാണ് നാടകീയ നീക്കങ്ങളിലൂടെ ‘മിന്നൽ ഹെഡർ’ പോലെ റോണോ തച്ചുതകർത്തത്.പോർച്ചുഗീസ് ലീഗിൽ മൊട്ടിട്ട പ്രതിഭയെ ലോകത്തെ അപകടകാരിയായ ക്ലിനിക്കൽ സ്ട്രൈക്കറായി രാഗിമിനുക്കിയത് ഓൾഡ് ട്രാഫോർഡിലെ ഫെർഗ്യൂസന്റെ ശിക്ഷണമായിരുന്നു. 2003 മുതൽ 2009 വരെ റെഡ് ഡെവിൾസിനായി നിറഞ്ഞാടിയ ‘മദീരയിലെ രാജകുമാരൻ’ മൂന്ന് പ്രീമിയർ ലീഗ്, രണ്ട് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു എഫ്എ കപ്പ് എന്നിവ ക്ലബ്ബിന് സമ്മാനിച്ചാണ് മാഡ്രിഡിലേക്ക് ടിക്കറ്റ് എടുത്തത്. തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓർ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചതും യുണൈറ്റഡിൽ പന്ത് തട്ടുമ്പോൾ ആയിരുന്നു എന്നതും ഈയവസരത്തിൽ എടുത്ത് പറയാൻ സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ 292 മത്സരങ്ങളിൽ നിന്നായി 118 തവണയാണ് താരം എതിരാളികളുടെ ഗോൾ വല ചലിപ്പിച്ചത്. 69 ഗോളുകൾക്ക് വഴിയൊരുക്കി ഏതൊരു ക്ലബും മോഹിക്കുന്ന ‘ടീം മാൻ’ ആയി പേരെടുക്കാനും ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നു.

ഇംഗ്ളീഷ് പ്രീമിയർ ലീഗും യുറോപ്യൻ ഫുട്ബോളും അടക്കിവാണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴയ സുവർണ കാലം വീണ്ടെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുൻ താരം കൂടിയായ ഇപ്പോഴത്തെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിന് ഇരട്ടി ആത്മവിശ്വാസം പകരാൻ റൊണാൾഡോയുടെ വരവ് പ്രേരകമാകും. ഇടക്കാലത്ത് എവിടെയോ വെച്ച് കൈമോശം വന്ന ‘മാജിക് സ്പാർക്ക്’ കണ്ടെത്താൻ അർദ്ധ അവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്ന സൂപ്പർ താരത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആഹ്ലാദ കൊടുമുടി കയറിയ യുണൈറ്റഡ് ആരാധകർ.Facebook Comments Box

Author

Start typing and press Enter to search