വിഷാദ ഗാനങ്ങളുടെ ചക്രവർത്തി

മുഹമ്മദ്‌ റഫിയുടെ മാസ്മരികതയോ കിഷോർ കുമാറിന്റെ ശബ്ദ ഗാംഭീര്യമോ അവകാശപ്പെടാനില്ല. ഹിന്ദി ചലച്ചിത്ര പിന്നണി ഗാനരംഗത്തെ സമകാലികരുമായി താരതമ്യം ചെയ്താൽ ആലപിച്ച ഗാനങ്ങളുടെ എണ്ണവും കുറവാണ്. എന്നാൽ, നേർത്ത വിഷാദം തുളുമ്പുന്ന ശബ്ദത്താൽ സംഗീത ആസ്വാദകരുടെ ഹൃദയത്തിൽ ലബ്ധ പ്രതിഷ്ഠ നേടിയ ഗായകനാണ് മുകേഷ് ചന്ദ് മാഥുർ എന്ന മുകേഷ്.

സരളമായ ശൈലിയിലുള്ള മുകേഷിന്റെ ഗാനങ്ങൾ നമ്മളെ മറ്റൊരു ലോകത്തിൽ കൊണ്ടെത്തിക്കുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതുന്ന ഒരു സുന്ദര കാലത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. കഭീ കഭീ മേരെ ദിൽ മേ, കയ് ബാർ യുഹി ദേഖാ ഹേ, സുഹാന സഫർ ഹേ യെ മൗസം, മേ പൽ ദോ പൽ കാ ശായർ ഹൂം, ജീനാ യഹാ മർനാ യഹാ, കഹി ദൂർ ജബ് ദിൻ ഡൽ ജായേ’ തുടങ്ങിയ ഗാനങ്ങൾ ആസ്വാദക മനസുകളിൽ വിതറിയ മാന്ത്രികത പറഞ്ഞറിയിക്കാൻ ആകില്ല.

പതിഞ്ഞ താളത്തിൽ മുകേഷ് ആലപിച്ച മെലഡികൾ ഓരോന്നും അദ്ദേഹത്തിന് വേണ്ടി മാത്രം സൃഷ്ടിച്ചവയാണെന്ന് വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കും. അത്രയ്ക്ക് സ്വതസിദ്ധമായ ആലാപന ശൈലിയായിരുന്നു മുകേഷിന്റേത്. അക്കാലത്തെ ഒട്ടുമിക്ക ഗായകരെയും പോലെ കെ എൽ സൈഗാളിന്റെ കടുത്ത ആരാധകനായിരുന്നു മുകേഷും. സൈഗാളിന്റെ പ്രഭാവം തുടക്കത്തിൽ ഉണ്ടായെങ്കിലും അധികം വൈകാതെ സ്വന്തമായ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനായി.

മുംബൈയിൽ എത്തി പണ്ഡിറ്റ് ജഗന്നാഥ പ്രസാദിന്റെ കീഴിൽ സംഗീതം അഭ്യസിച്ച മുകേഷിന്റെ ആദ്യ സിനിമ ‘നിർദോഷ്’ ആയിരുന്നെങ്കിലും 1945ൽ പുറത്തിറങ്ങിയ ‘പെഹ് ലി നസർ’ എന്ന ചിത്രത്തിലെ പാട്ടുകളാണ് ഗായകൻ എന്ന നിലയിൽ ബോളിവുഡിൽ ശ്രദ്ധേയനാക്കിയത്. പഴയ കാലത്തെ പ്രശസ്തരായ എല്ലാ സംഗീത സംവിധായകർക്കുമൊപ്പം സഹകരിച്ചെങ്കിലും, ശങ്കർ-ജയ് കിഷൻ മുകേഷ് കൂട്ടുകെട്ടിലായിരുന്നു ഏറ്റവും അധികം ഹിറ്റുകൾ പിറന്നത്.

ഒട്ടേറെ അനശ്വര ഗാനങ്ങൾ സമ്മാനിച്ച രാജ്കപൂർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുകേഷ്. ദോസ്ത് ദോസ്ത് നാ രഹാ, ആവാര ഹൂം, ജീനാ യഹാ മർനാ യഹാ, ബോൽ രാധാ ബോൽ സംഘം, കിസി കി മുസ്‌കുരാഹതോൻ പേ, എക് ദിൻ ഭിക് ജായേഗാ, സബ് കുച്ച് സീകാ ഹം നേ തുടങ്ങിയ രാജ്കപൂർ ഗാനങ്ങൾക്ക് പിന്നിലെ ഭാവാർദ്രമായ ശബ്ദം
മുകേഷിന്റെതായിരുന്നു.

വിരഹവും ദുഃഖവും വിഷാദവും നിരാശയും പ്രതിപാദിക്കുന്ന പാട്ടുകൾ തന്മയത്വത്തോടെ ആലപിക്കുന്നതിൽ പ്രത്യേക വൈഭവം പ്രകടിപ്പിച്ച മുകേഷിനെ ‘വിഷാദ ഗാനങ്ങളുടെ ചക്രവർത്തി’ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ചന്ദൻ സ ബദൻ, സുഹാന സഫർ ഹേ യെ മൗസം, മേനെ തേരേ ലിയെ ഹി സാത് രംഗ് കെ സപ്നേ’ ലതാ മങ്കേഷ്കറിനൊപ്പം പാടിയ യുഗ്മ ഗാനമായ ‘സാവൻ കാ മഹീന പവൻ കരെ ഷോർ’ എന്നിവ മുകേഷിന് വ്യത്യസ്ത പരിവേഷം നൽകിയ ഹിറ്റുകളായിരുന്നു. വിഷാദം മാത്രമല്ല, സന്തോഷവും പ്രതീക്ഷയും തനിക്ക് അനായാസം വഴങ്ങുമെന്ന് ഇത്തരം പാട്ടുകൾ വഴി അദ്ദേഹം തെളിയിച്ചു.

1974ൽ പുറത്തിറങ്ങിയ രജ്നിഗന്ധ എന്ന ചിത്രത്തിലെ കയി ബാർ യുഹി ദേഖാ ഹേ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും മുകേഷിനെ തേടിയെത്തി. ഖയ്യാമിന്റെ സംഗീതത്തിൽ ആലപിച്ച മാസ്മരിക പ്രണയഗാനം കഭീ കഭീ മേരെ ദിൽ മേ’യ്ക്ക് ഉൾപ്പെടെ നാല് തവണ ഫിലിം ഫെയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഹിന്ദി സിനിമയിലെ ഗായക ത്രയങ്ങളിലെ മറ്റ് രണ്ട് ഇതിഹാസങ്ങളായ മുഹമ്മദ്‌ റഫിക്കും കിഷോർ കുമാറിനുമൊത്ത് പാടിയ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ ‘ഹം കോ തും സേ ഹോ ഗയാ ഹേ പ്യാർ’ എന്ന ഗാനം ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല. മൻമോഹൻ ദേശായി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ഗാനത്തിൽ മൂവർക്കുമൊപ്പം ലതാ മങ്കേഷ്കറും പാടിയിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

1976 ഓഗസ്റ്റ് 27ന് അമേരിക്കയിലെ ഡെട്രോയിറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് 53 ആം വയസിലായിരുന്നു അനുഗ്രഹീത ഗായകന്റെ അകാല വിയോഗം. ഗായകൻ കൂടിയായ മകൻ നിതിൻ മുകേഷിനും ലതാ മങ്കേഷ്കറിനുമൊപ്പം അമേരിക്കയിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുകേഷ്. പ്രിയ സുഹൃത്തിന്റെ മരണവാർത്ത ശ്രവിച്ച രാജ്കപൂറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു ‘എനിക്ക് എന്റെ ശബ്ദം നഷ്ടപ്പെട്ടു’. വിഷാദ ഗാനങ്ങളുടെ ചക്രവർത്തി നമ്മെ വിട്ടുപിരിഞ്ഞിട്ട് 45 വർഷമാകുന്നു. വശ്യതയാർന്ന ആ ശബ്ദത്തിന് പക്ഷേ മരണമില്ല.

Facebook Comments Box

Author

Start typing and press Enter to search