തിരുമുൽക്കാഴ്ച – ഓണം ഓർമയിൽ ആർ. ബാലകൃഷ്ണൻ

മനസ്സിലെപ്പോഴോ കടന്നുകൂടിയ വെറുമൊരു തോന്നലായിരുന്നു, തോന്നൽ മാത്രമായിരുന്നു, അത്. തികച്ചും അവിചാരിതം എന്നുതന്നെ പറയണം. അതുകൊണ്ട് തീരെ ഗൗനിച്ചതുമില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞു. അത് വിട്ടുപോകുന്നില്ല. എന്നുമാത്രമല്ല, ഗൗരവമായ ചിന്തയായി അതിന് രൂപഭേദം വന്നുകൊണ്ടിരിക്കുന്നതായും ഞാനറിഞ്ഞു. എങ്കിൽ അങ്ങനെതന്നെയാകട്ടെ എന്ന് ഞാനും കരുതി.

വിവാഹത്തിന് മുൻപാണ്. അച്ഛനും അമ്മയും ഞാനും മാത്രമാണ് വീട്ടിലെ സ്ഥിരാംഗങ്ങൾ. ഉച്ചയ്ക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അക്കാര്യം ഞാനവരോട് പങ്കുവച്ചു. അത്തരം ശീലങ്ങളൊന്നുമുള്ള ഒരാളായിരുന്നില്ല ഞാൻ. അതുകൊണ്ട് ആ തീരുമാനം അമ്മയ്ക്ക് വളരെ സന്തോഷമായി. ‘എന്നാൽപ്പിന്നെ രാവിലെ പോകാമായിരുന്നു’ എന്ന് പറഞ്ഞത് അതിൻെറ സൂചനയായിരുന്നുവെന്ന് എനിക്ക് തോന്നി.

ഭക്ഷണം കഴിച്ച് അധികം വൈകാതെ ഞാൻ പുറപ്പെടുകയും ചെയ്തു. അതിനിടെ ഏതാനും നാണയങ്ങൾ കടലാസിൽ പൊതിഞ്ഞ് അമ്മ എന്നെ ഏല്പിച്ചിരുന്നു. അമ്മ എന്നും അങ്ങനെയായിരുന്നു. ഉള്ളുലഞ്ഞ പ്രാർഥനയോടെ ‘ഉഴിഞ്ഞു’വച്ചതിൽനിന്ന്.

ക്ഷേത്രത്തിൽ ഞാനെത്തുമ്പോൾ നാലുമണിയാകുന്നതേയുണ്ടായിരുന്നുള്ളൂ. നട തുറന്നിട്ടില്ല. ‘അഡ്മിനിസ്ട്രേഷൻ ഗണപതി’യെ തൊഴുതുവരുമ്പോഴും വാതിലിനു പുറത്ത് ഏതാനുംപേർ മാത്രം. ഇടയ്ക്കിടെ ആളുകൾ വന്നുകൊണ്ടിരുന്നു. എങ്കിലും ആ ക്ഷേത്രത്തിലെ പതിവ് തിരക്കുവച്ചുനോക്കുമ്പോൾ അതൊന്നുമൊന്നുമായിരുന്നില്ല.

നട തുറന്നു. അവിടെ ഉണ്ടായിരുന്നവർ ക്രമം തെറ്റിക്കാതെ അകത്തേയ്ക്ക് കടന്നു തുടങ്ങി. ഞാനും. നന്നായി തൊഴുതു. വടക്കേ വാതിലിലൂടെ പുറത്തിറങ്ങിയപ്പോൾ വീണ്ടും തൊഴാൻ മോഹം. വരിയിൽ വന്നുനിന്ന് പിന്നെയും അകത്തേയ്ക്ക്. തൊഴുതിറങ്ങുമ്പോൾ മനസ്സ് പറഞ്ഞു, ഒരിക്കല്‍കൂടി.

തിരക്കേറിവരുന്നുണ്ടായിരുന്നു. എങ്കിലും സാധാരണ തിരക്കുമായി താരതമ്യം ചെയ്യാനാകാത്തത്ര കുറവ്. ക്രമം തെറ്റിക്കാതെ വീണ്ടും തിരുനടയിലെത്തി. അമ്മ തന്നയച്ച നാണയങ്ങളെക്കുറിച്ച് ഓർമ്മിച്ചത് അതിനു തൊട്ടുമുൻപാണ്. (പതിവില്ലല്ലോ). കടലാസുപൊതിയിൽനിന്നെടുത്ത് അവ നടയിൽ സമർപ്പിച്ചു. തൊഴുതു നിറഞ്ഞു. നടയിൽനിന്നുമാറിയൊരിടത്ത് സാഷ്ടാംഗം നമസ്കരിച്ചു.

നടപ്പന്തലിനിരുവശവുമുള്ള കടകളിൽ ഏതോ ഒന്നിൽനിന്ന് അന്ന് മൂന്നു രൂപയ്ക്ക് ഒരു ചെറിയ ചിത്രവും വാങ്ങി, തൃക്കയ്യിൽ വെണ്ണയുമായി ഒരു ‘ബാല’കൃഷ്ണൻ.

അതൊരു പതിവായി മാറുകയായിരുന്നു. എല്ലാ മാസവും ഒരു നിശ്ചിത ദിവസംതന്നെ ഭഗവദ് ദർശനം നടത്തുക എനിക്ക് സാദ്ധ്യമായിരുന്നില്ല. അതുകൊണ്ട് മാസത്തിൽ ഏതെങ്കിലും ഒരു ദിവസം എന്ന് ഞാൻ ചിട്ടപ്പെടുത്തി. അത് ക്ഷേത്രത്തിൽ തിരക്ക് താരതമ്യേന കുറവുള്ള ചൊവ്വാഴ്ച്ചയാക്കാൻ പരമാവധി ശ്രമിച്ചിരുന്നു.

അതിനൊരപവാദം സംഭവിക്കുക തിരുവോണനാളിലായിരുന്നു. അനിയന്ത്രിമായ തിരക്കായിരിക്കും അന്ന്. പല വരികളായി വളഞ്ഞുപുളഞ്ഞ് പോകുന്ന ഭക്തജനങ്ങളുടെ നിര നടപ്പന്തലിനുള്ളിൽനിന്ന് പുറത്തേയ്ക്ക് നീണ്ടുനീണ്ടുപോകും. ആ തിരക്കിനിടയിൽ അകത്തുകയറി തൊഴാൻ മണിക്കൂറുകൾ കാത്തുനില്ക്കണം. എങ്കിലും ഞാനെത്തുമായിരുന്നു. പുറത്തുനിന്ന് പെരുവിരലിൽ ഊന്നിനിന്നെങ്കിലും തൊഴുത് സ്വയം മറക്കും. വൈകി വീട്ടിലെത്തി ഓണസദ്യയുണ്ണും.

അച്ഛൻെറ മരണത്തെത്തുടർന്നുള്ള മാസങ്ങളിലാണ് ആ ക്ഷേത്രദർശനം പല കാരണങ്ങളാലും തീർത്തും മുടങ്ങിപ്പോയത്. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു അച്ഛൻ പോകുന്നത്. അച്ഛനപ്പുറം മറ്റൊരു ലോകത്തെക്കുറിച്ചറിഞ്ഞുകൂടാതിരുന്ന അമ്മ പിന്നീട് ജീവിച്ചതു മുഴുവൻ എൻെറ മക്കൾക്കുവേണ്ടിയായിരുന്നു. അവരെ താലോലിച്ചും ഊട്ടിയും ഉറക്കിയും അമ്മ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. കൂടുതൽ സമയം നാമം ജപിച്ചു; പുണ്യഗ്രന്ഥങ്ങൾ ആവർത്തിച്ചു വായിച്ചു. നെറ്റിയിൽ ഭസ്മക്കുറി മാത്രമായി. താലിമാല ഉപേക്ഷിച്ചു. (ഞങ്ങൾ തുടർച്ചയായി നിർബന്ധിച്ചപ്പോൾ നേരിയ വണ്ണത്തിലുള്ള മാല മാത്രം വീണ്ടും ധരിച്ചുതുടങ്ങി.)ഞങ്ങൾക്ക് ഓണം ആഘോഷിക്കാനാകുമായിരുന്നില്ല ആ വർഷം. എങ്കിലും ക്ഷേത്രദർശനം മുടക്കാൻ മനസ്സുവന്നില്ല. രാവിലെ ഇറങ്ങുമ്പോൾ കാണിക്കയിടാനുള്ളത് ഒരു ചെറിയ കടലാസുകഷണത്തിൽ മടക്കി പതിവുപോലെ അമ്മ എന്നെ ഏല്പിക്കുകയും ചെയ്തു.

ഓരോ വർഷവും വലുതായിക്കൊണ്ടിരിക്കുന്ന ഭക്തരുടെ നീണ്ടനിര. മൂന്നുനാലു മണിക്കൂർ നീളുന്ന കാത്തുനില്പ്. ഇഴഞ്ഞിഴഞ്ഞ് വരി നീങ്ങുന്നുണ്ട്. എന്നിൽനിന്ന് എന്നിലേയ്ക്കുള്ള ദൂരം’ അറിയുകയായിരുന്നു അപ്പോൾ ഞാൻ.

ഒരു മിന്നായംപോലെ മാത്രമേ തിരക്കുള്ള ദിവസങ്ങളിൽ ഭഗവാനെ കാണാൻ സാധിക്കൂ. അതുകൊണ്ട് കൈത്തണ്ടയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിൻെറ പോക്കറ്റിൽനിന്ന് അമ്മ ഏല്പിച്ച കടലാസുപൊതിയെടുത്തു. പുതിയ ഒരു രൂപ നാണയമായിരിക്കാമെന്ന് ഞാൻ ഊഹിച്ചു. തീരെ ഘനം കുറവ്. ശ്രീകോവിലിനു മുന്നിലെത്തുമ്പോഴേയ്ക്കും നാണയത്തുട്ട് കയ്യിലെടുക്കാൻ തുടങ്ങുകയായിരുന്നു ഞാൻ.

പൊടുന്നനെ എൻെറ ഉള്ളം കൈ അസാധാരണമാംവിധം വിയർക്കാൻ തുടങ്ങി. കാലിനടിയിലും പിന്നീട് ശരീരമാകെയും ആ വിയർപ്പ് പടരുന്നതും ഞാനറിഞ്ഞു. എങ്ങനെയോ ഞാൻ പിടിച്ചുനിന്നു. വീഴരുതല്ലോ.

നടയിലെത്തി. അപ്പോഴേയ്ക്കും ഞാൻ ആകെ വിയർത്തൊലിച്ചിരുന്നു. വിയർപ്പൊഴുകി കണ്ണടച്ചില്ല് മൂടിയിരുന്നതിനാൽ ശ്രീകോവിലിനകത്ത് ഒരു പ്രഭാവലയമല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞതുമില്ല. നടയിൽവച്ചു. തൊട്ടുതൊഴുതു. അപ്പോഴേയ്ക്കും ഞാൻ തീർത്തും കുഴഞ്ഞപോലെയായി.

ആളുകൾ വന്ന് നിറയുകയാണ്. ദേവിക്ഷേത്രത്തിനരികിലുള്ള കവാടത്തിലൂടെ ഞാനെങ്ങനയോ പുറത്തിറങ്ങി. തിരക്കല്പം കുറഞ്ഞ സ്ഥലത്തേയ്ക്ക് മാറിനിന്നു. ആശ്വാസം തോന്നുന്നുണ്ടായിരുന്നു. ഏതോ കടയുടെ പുറംചുവരും ചാരി, കൊടിമരം നോക്കി എറെനേരം………

വിഷ്ണുപാദം പൂകിയ അച്ഛനെ ഓർക്കുകയായിരുന്നു ഞാൻ. പിന്നെ അമ്മയുടെ കഴുത്തിൽ അച്ഛൻ ചാർത്തിയ ആ താലിയെക്കുറിച്ചും. അതും ഇതാ ഇപ്പോൾ വിഷ്ണുപാദം ചേർന്നിരിക്കുന്നു. ആരായിരിക്കാം അങ്ങനെ വേണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടാകുക.? അത് മൂത്തമകൻ തന്നെ സമർപ്പിക്കണമെന്ന് തീരുമാനിച്ചത് ആരായിരിക്കാം.? എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടില്ല.

വീണ്ടും ഓണം…

 


Facebook Comments Box

Author

Start typing and press Enter to search