ഇത് ഇന്ത്യൻ ഹോക്കിയുടെ ഉയിർത്തെഴുന്നേൽപ്പ്

ധൻരാജ് പിള്ളയെ പോലെ ഹോക്കി സ്റ്റിക്കിൽ ഇന്ദ്രജാലം തീർത്ത നിരവധി പ്രതിഭാശാലികൾ ഉണ്ടായിട്ടും എത്തിപ്പിടിക്കാൻ സാധിക്കാത്ത അതുല്യ നേട്ടമാണ് മൻപ്രീത് സിംഗും നമ്മുടെ സ്വന്തം ശ്രീജേഷും അടങ്ങുന്ന ഇന്ത്യൻ ചുണക്കുട്ടികൾ സ്വന്തമാക്കിയത്. കരുത്തരായ ജർമ്മനിക്കെതിരെ ടോക്യോയിൽ പൊരുതി നേടിയ വെങ്കലത്തിന് സ്വർണ്ണത്തേക്കാൾ തിളക്കവും മൂല്യവുമുണ്ട്. 41 വർഷമായി കാത്തിരുന്ന ഒളിമ്പിക്സ് മെഡൽ ഇന്ത്യൻ ഹോക്കിക്ക് അക്ഷരാർത്ഥത്തിൽ സമ്മാനിക്കുന്നത് ഉയിർത്തെഴുനേൽപ്പിനുള്ള ജീവവായുവാണ്. പോയ കാലത്ത് ഹോക്കി ലോകം അടക്കി ഭരിച്ച തമ്പുരാക്കന്മാരുടെ അവിസ്മരണീയ തിരിച്ചുവരവിനാണ് ടോക്യോയിലെ ഒളിമ്പിക്സ് വേദി സാക്ഷ്യം വഹിച്ചത്. ലോകറാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീം അവസരത്തിനൊത്ത് ഉയർന്നാണ് മൂന്നാം സ്ഥാനവും വെങ്കലവും കൈപ്പിടിയിൽ ഒതുക്കിയത്.

ഒളിമ്പിക്സിൽ 1928 മുതൽ 1956 വരെ തുടർച്ചയായി ആറ് തവണ സ്വർണമണിഞ്ഞ് പുരുഷ ഹോക്കിയിലെ മുടിചൂടാമന്നൻമാരായി വിലസിയ ഇന്ത്യൻ ടീമിനെ വിസ്മയത്തോടെയാണ് ലോകം വീക്ഷിച്ചത്. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ അസാമാന്യ മികവിൽ ലോക വേദികളിൽ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർന്നു. കായിക രംഗത്തെ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു അന്ന് ഹോക്കി. 1980 മോസ്കോ ഒളിമ്പിക്സിൽ എട്ടാം തവണ സ്വർണം നേടിയതിന് ശേഷം ഒരു മെഡലിനായി നാലുപതിറ്റാണ്ട് കാലത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

പുൽമൈതാനിയിൽ ഉഗ്രപ്രതാപികളായിവാണ ഇന്ത്യൻ ഹോക്കി ടീമിന്റെ അപ്രതീക്ഷിത പതർച്ചയുടെ തുടക്കം 1976ലെ മോൺട്രിയോൾ ഒളിമ്പിക്സ് മുതലാണ്. കളിച്ചുതഴക്കം വന്ന പുൽപ്രതലത്തിന് പകരം സിന്തറ്റിക്ക് അസ്ട്രോ ടർഫുകൾ സ്ഥാനം പിടിച്ചതോടെ ഇന്ത്യൻ ഹോക്കിയുടെ കിതപ്പ് ആരംഭിച്ചു. ഹോക്കിയിൽ യുറോപ്പ്യൻ ടീമുകളുടെ ആധിപത്യത്തിന് വഴിവെച്ച ദിനങ്ങളായിരുന്നു പിന്നീട്. ഹോളണ്ടും, ജർമ്മനിയും, ബ്രിട്ടനും, ബെൽജിയവും, ഓസ്ട്രേലിയയും കരുത്തോടെ രംഗപ്രവേശം ചെയ്തതോടെ, പരമ്പരാഗത ശക്തികളായ ഇന്ത്യയും പാകിസ്ഥാനും കിതച്ചു. ഒളിമ്പിക്സ് മെഡൽ പോയിട്ട്, ക്വാർട്ടർ സ്ഥാനം വരെ അന്യമായി തുടങ്ങി.

1928ൽ കളി ആരംഭിച്ചതിന് ശേഷം ഇന്ത്യൻ പുരുഷ ഹോക്കി ടീം മെഡൽ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നത് 76 ഒളിമ്പിക്സിലാണ്. 80ൽ മോസ്‌കോയിൽ സ്വർണ്ണം സ്വന്തമാക്കിയെങ്കിലും അമേരിക്കയുടെയും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെയും ബഹിഷ്കരണം കാരണം കാര്യമായ എതിരാളികൾ ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് നഷ്ടപ്രതാപത്തിന്റെ കണക്കുകൾ പറയാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി. അസ്ട്രോ ടർഫ് വന്നതോടെ, യുറോപ്പ്യൻ ഓസ്‌ട്രേലിയൻ താരങ്ങളുടെ മികച്ച ശാരീരിക ക്ഷമതയെ സഹായിക്കുന്ന, ടെക്നിക്കൽ സ്കില്ലിനെക്കാൾ പവർ ഗെയിമിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് ഹോക്കി അടിമുടി മാറി. ചിലവേറിയത് കാരണം രാജ്യത്ത് വേണ്ടത്ര സിന്തറ്റിക്ക് ടർഫ് ഗ്രൗണ്ടുകൾ ഇല്ലാത്തത് തിരിച്ചടിയായി. പുൽമൈതാനത്ത് കളിച്ചു വളർന്ന താരങ്ങൾ അസ്ട്രോ ടർഫിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. പന്തിന്റെ സ്വാഭാവിക ഡ്രിബ്ളിങ്ങിനെയും പാസിങ്ങനെയും വരെ ഇത് ബാധിച്ചു. ധൻരാജ് പിള്ളയെ പോലുള്ള ഒറ്റപ്പെട്ട പ്രതിഭകൾ ശോഭിച്ചെങ്കിലും ആധുനിക ഹോക്കിയിൽ യുറോപ്പ്യൻ-ഓസ്ട്രേലിയൻ ശക്തികൾക്കൊപ്പം മുന്നേറാൻ ടീം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് സാധിച്ചില്ല.

സ്പോൺസർഷിപ്പ് പോലും ലഭിക്കാതെ വിസ്‌മൃതിയിലേക്ക് സഞ്ചരിച്ച ഇന്ത്യൻ ഹോക്കിയേ കൈപിടിച്ചുയർത്തിയതിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന് നിർണായക പങ്കുണ്ട്. ഇന്ത്യന്‍ ഹോക്കി പ്രതാപത്തിന്റെ പാതയിലേക്ക് വീണ്ടും നീങ്ങുമ്പോള്‍ ക്രെഡിറ്റ് നവീനും അവകാശപ്പെട്ടതാണ്. 2018 മുതല്‍ ജൂനിയര്‍, സീനിയര്‍ ദേശീയ ഹോക്കി ടീമുകളുടെ ഔദ്യോഗിക സ്പോണ്‍സർ ഒഡീഷയാണ്. ഒരു ദേശീയ ടീമിനെ സ്പോണ്‍സര്‍ ചെയ്ത ആദ്യ സംസ്ഥാനം. സ്പോൺസർഷിപ്പിൽ നിന്ന് സഹാറ പിന്മാറിയപ്പോൾ സഹായഹസ്തവുമായി എത്തിയത് പഞ്ചാബ് കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവും മികച്ച ഹോക്കി പ്രതിഭകളെ സമ്മാനിച്ച ഒഡീഷ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് എന്നത് കാവ്യനീതിയായി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ടീം സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. 2017ലെ ഏഷ്യാ കപ്പ് കിരീടവും 2018 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേട്ടവും തിരിച്ചുവരവിന്റെ സൂചനകൾ നൽകി. ഭുവനേശ്വറിൽ നടന്ന 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലും ഇന്ത്യ എത്തിയിരുന്നു. രണ്ട് വർഷം മുൻപ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും മുൻ കോച്ചുമായ ഗ്രഹം റീഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ ശുഭകരമായി. പ്രതിരോധം ശക്തമാക്കിയ അദ്ദേഹം ഓസ്‌ട്രേലിയൻ ശൈലിയെ പരമ്പരാഗത ഇന്ത്യൻ ശൈലിയുമായി കോർത്തിണക്കി. യൂറോപ്യൻ ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ താരങ്ങൾ നേരിട്ട കുറവുകൾ കണ്ടെത്തി അതിനെ മറികടക്കാൻ തന്ത്രങ്ങൾ ആവിഷ്കരിച്ചു. ടീം ഗെയ്മിന്റെ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു പുതിയ ഇന്ത്യൻ ടീമിന്റെ ശൈലി.

യുവതാരങ്ങക്കൊപ്പം ‘ഗ്രേറ്റ്‌ ഇന്ത്യൻ വാൾ’ ശ്രീജേഷ് ഉൾപ്പെടെയുള്ള പരിചയ സമ്പന്നർക്കും ഗ്രഹാം റീഡിന്റെ ടീമിൽ വാനോളം ആത്മ വിശ്വാസം ലഭിച്ചു. ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ടീം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ച് ഉയർത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

‘ചക് ദേ ഇന്ത്യ ‘

Facebook Comments Box

Author

Start typing and press Enter to search